വികസനത്തിൽ മുതിർന്ന പൗരന്മാരുടെ സേവനം പ്രയോജനപ്പെടുത്തും- മുഖ്യമന്ത്രി
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും പുരോഗതിയിലും മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും സേവനവും സജീവമായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. വയോജന സംരക്ഷണം സർക്കാരിന്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും.
2036 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർപേഴ്സണായുള്ള ഗവേണിങ് കൗൺസിൽ രൂപീകരിക്കും. അന്താരാഷ്ട്ര മാതൃകകൾ പഠിച്ച് നിർദേശങ്ങൾ നൽകുന്നതിനായി വിദഗ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതിയും നിലവിൽ വരും. ഇതോടൊപ്പം ഡയറക്ടറേറ്റും ജില്ലാതല സീനിയർ സിറ്റിസൺസ് സെല്ലുകളും ഉടൻ പ്രവർത്തനസജ്ജമാക്കും.
സംസ്ഥാനത്തുടനീളം സർവേ നടത്തി മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കും. അടുത്ത അക്കാദമിക് വർഷം മുതൽ സംസ്ഥാനത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ കെയർ ഗിവർ കോഴ്സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിച്ച അധ്യാപകരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അനുഭവസമ്പത്ത് പുതിയ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി അവരെ സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും ‘ടെക്നോ മെന്റർ’മാരായി നിയോഗിക്കും. അവരുടെ അറിവും പരിചയവും യുവസംരംഭകർക്കും പുതിയ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് സെക്രട്ടറി രത്തൻ യു.കേൽക്കർ സ്വാഗതവും മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് ഡയറക്ടർ അരുൺ എസ്.നായർ നന്ദിയും പറഞ്ഞു.




















