ചെറുമീനുകളെ പിടിക്കുന്നതിനെതിരെ കർശന നടപടി

ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടി ആരംഭിച്ചു. ഭക്ഷ്യയോഗ്യവും  വാണിജ്യപ്രാധാന്യമുള്ളതുമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അനിയന്ത്രിതമായി പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാലാണിത്.

ഇതുസംബന്ധിച്ച് സംസ്ഥാന ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ തീരദേശ ജില്ലാ ഓഫീസർമാരുടെ യോഗം ചേർന്നു. നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കൃത്യമായ ആക് ഷൻ പ്ലാൻ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാക്കാൻ ഡയറക്ടർ നിർദേശം നൽകി.

മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ്  സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ തീരദേശ ജില്ലകളിലും വിപുലമായ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.

നിയമപരമായി അനുവദനീയമായ വലിപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. കോസ്റ്റൽ പോലീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ മാത്രം ഒമ്പത് തീരദേശ ജില്ലകളിലായി ചെറുമീൻ മത്സ്യബന്ധനം നടത്തിയ 54 യാനങ്ങൾ പിടിച്ചെടുക്കുകയും
36.15 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കടലിലും മത്സ്യബന്ധന ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പരിശോധനയും പട്രോളിങ്ങും ശക്തമാക്കും.