പ്രൊഫ.വി.ഗോപിനാഥൻ അനുസ്മരണം 22ന്
ഭൗമശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനും കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഉപഡയറക്ടറുമായിരുന്ന പ്രൊഫ.വി.ഗോപിനാഥന്റെ ഒന്നാം ചരമ വാർഷികം ഒക്ടോബർ 22 ന് ആചരിക്കും. കാസർകോട് ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് അനുസ്മരണ യോഗവും പുരസ്കാര ദാനവും നടത്തും.
അനുസ്മരണ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. കാസർകോട് ട്രാവൽ ക്ലബ് ചെയർമാൻ ജി.ബി. വത്സൻ അധ്യക്ഷത വഹിക്കും. പ്രൊഫ. വി. ഗോപിനാഥൻ സ്മാരക പുരസ്കാരം ഡോ. തമ്പാൻ മേലത്തിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി. സുകുമാരൻ സമ്മാനിക്കും.
കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. അനിൽകുമാർ മുഖ്യാതിഥിയാകും. ഇരുപത്തയ്യായിരം രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ഡയറക്ടറാണ് ഡോ. തമ്പാൻ മേലത്ത്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവും എന്ന വിഷയത്തിൽ പ്രഭാഷണവും അദ്ദേഹം നടത്തും. കേരള ജൈവവൈവിധ്യ ബോർഡ് മുൻ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ പ്രൊഫ. ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തും. സ്മരണികയുടെ പ്രകാശനം കെ.എസ്.സി.എസ്.ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.കെ. രാമചന്ദ്രൻ നിർവഹിക്കും.
കാസർകോട് ട്രാവൽ ക്ലബ്, കാസർകോട് ഗവ. കോളേജ് ജിയോളജി അലംനി അസോസിയേഷൻ, കാസർകോട് പീപ്പിൾസ് ഫോറം, വിദ്യാനഗർ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.




















