കാസർകോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം മെയ് മാസത്തിനകം പൂര്‍ത്തിയാക്കണം- മന്ത്രി
കാസര്‍കോട് ഗവ: മെഡിക്കല്‍ കോളേജിലെ ആശുപത്രി കെട്ടിടം റീടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി 2027 മെയ് മാസത്തിനകം പൂര്‍ത്തിയാക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന് നിര്‍മ്മാണ കമ്പനിക്കും കിറ്റ്കോയ്ക്കും നിര്‍ദ്ദേശം നല്കി.
എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറെയും ആരോഗ്യമന്ത്രിയെയും അറിയിക്കണം. ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠന ആവശ്യത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രക്കായി വാഹനസൗകര്യം ഏര്‍പ്പാട് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആവശ്യത്തിന് അറ്റന്‍ഡര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും.
കാസര്‍കോട് മെഡിക്കല്‍ കോളേജിലെയും നഴ്സിംഗ് കോളേജിലെയും ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് ബ്ലോക്കിന്റെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകളുടെയും നിര്‍മ്മാണം നഴ്സിംഗ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സ്ഥലം മാറ്റം മരവിപ്പിക്കുകയും ചുരുങ്ങിയത് രണ്ടു വര്‍ഷത്തേക്ക് ജില്ലയില്‍ സേവനമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാക്കുകയും ചെയ്യും. ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പള വര്‍ദ്ധന കൂടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സി.ടി, എം.ആര്.ഐ, എക്സറേ സൗകര്യങ്ങള്‍ ഉറപ്പാക്കി സംവിധാനം വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്, മെഡിക്കല്‍ എജുക്കേഷന്‍ ജോയിന്‍ ഡയറക്ടര്‍ ഡോ.ജബ്ബാര്‍, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഡി.സുനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.പി രതീഷ്, മെഡിക്കല്‍ കോളേജസ് സൂപ്രണ്ട് ഡോ. ആര്.പ്രവീണ്‍, നേഴ്സിങ് കോളേജ് പ്രന്‍സിപ്പൽ എസ്.മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.




















