ചെമ്പൈ സംഗീതോത്സവം: തംബുരു വിളംബര ഘോഷയാത്ര തുടങ്ങി
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര തുടങ്ങി. ഘോഷയാത്രയുടെ ഉദ്ഘാടനം ചെമ്പൈയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ പി.പി.സുമോദ് എം.എൽ.എ നിർവ്വഹിച്ചു.
ചെമ്പൈ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷിൽ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്. ചടങ്ങിൽ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, എസ്.ഹരി ഗോപാൽ, എം.ദണ്ഡപാണി മാസ്റ്റർ, വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ആനയടി പ്രസാദ്, ഡോ.ഗുരുവായൂർ മണികണ്ഠൻ, ചേപ്പാട് വാമനൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെമ്പൈയുടെ ശിഷ്യനും സംഗീതജ്ഞനുമായ മണ്ണൂർ രാജകുമാരനുണ്ണി സംഗീത കച്ചേരി നടത്തി. വെള്ളിയാഴ്ച രാവിലെ തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. ചെമ്പൈ സംഗീത കോളേജിൽ എത്തുന്നവിളംബര ഘോഷയാത്രയെ അധ്യാപകരും സംഗീത വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കും.
ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ അവസാനമായി കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് വിളംബര ഘോഷയാത്ര ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഞ്ച് മണിയോടെ കിഴക്കേനടയിൽ എത്തും.
മഞ്ജുളാൽ പരിസരത്തു നിന്നും ഗജവീരൻമാരുടെ സാന്നിധ്യത്തിൽ വാദ്യമേളങ്ങളോടെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ നേതൃത്വത്തിൽ എതിരേൽപ്പ് നൽകി തംബുരു വിളംബര ഘോഷയാത്രയെ ആനയിച്ച് മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിക്കും. തംബുരു സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്നതോടെ സംഗീതോത്സവം ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനഞ്ച് ദിനരാത്രങ്ങൾ സംഗീതാർച്ചന നടക്കും.




















