ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്  ബാംഗ്ലൂരിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, റെയിൽവേ സഹമന്ത്രി വി.സോമണ്ണ, സഹമന്ത്രി ശോഭ കരന്തലജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2026 ജനുവരിയിൽ ഹൗറ-ഗുവാഹത്തി റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സേവനങ്ങൾ ആരംഭിച്ചതിനും കഴിഞ്ഞ ദിവസം  വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനും പിന്നാലെയാണ് ബെംഗളൂരു-മുംബൈ സർവീസും ആരംഭിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയുടെ ഐടി, സ്റ്റാർട്ടപ്പ് തലസ്ഥാനത്തെ സാമ്പത്തിക തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്, ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു

ഈ ട്രെയിൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ, ഗുന്തക്കൽ കർണാടകയിലെ റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി; മഹാരാഷ്ട്രയിലെ സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലൂടെ കടന്നുപോകും.  കർണാടകയ്ക്കായുള്ള അടുത്ത ‘വന്ദേ ഭാരത് സ്ലീപ്പർ’ സർവീസ് ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച്, സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലൂടെ ഹുബ്ബള്ളി മേഖലയിലേക്ക് സഞ്ചരിച്ച് പൂനെയിലേക്കും മുംബൈയിലേക്കും പോകുമെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിലുള്ള വന്ദേ ഭാരത് സർവീസുകൾ ഈ പാതയിലെ വൈദ്യുതീകരണവും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാകുന്നതോടെ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലുള്ള 1,100 കിലോമീറ്ററിലധികം വരുന്ന ദൂരം പിന്നിടാൻ മറ്റ് ട്രെയിനുകൾക്ക് ഏകദേശം 22 മണിക്കൂറോ അതിൽ കൂടുതലോ സമയം വേണ്ടിവരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് ഈ യാത്രയ്ക്ക് 16 മണിക്കൂറും 10 മിനിറ്റും മതി. യാത്രാ സമയം ഏകദേശം ആറ് മണിക്കൂറോളം കുറയും.

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ എ.സി-3 ടയറിന് 2,810 രൂപയും, എ.സി- 2 ടയറിന് 3,630 രൂപയും, എ.സി- 1 ടയറിന് 4,450 രൂപയുമാണ് നിരക്ക്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് എസി- 3 ടയർ നിരക്ക് 60 മുതൽ 96 ശതമാനം വരെ കൂടുതലാണ്.