കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിന് സംസ്ഥാന മോണിറ്ററിങ് യൂണിറ്റ്
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിവിധ സർക്കാർ വകുപ്പുകളെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നബാർഡ് തുടങ്ങിയ ഏജൻസികളെയും ഉൾപ്പെടുത്തിയാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിലവിലുള്ള വിവിധ ഫണ്ട് സ്രോതസ്സുകൾ ഏകോപിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചു. തിരുവനന്തപുരത്ത് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ജലസ്രോതസ്സുകളുടെ സംരക്ഷണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, ജലനിയന്ത്രണ സംവിധാനങ്ങൾ, ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം, ജലസംഭരണ കിണറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കും.
വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ച് ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് അടിയന്തരമായി പ്രവർത്തനരൂപരേഖ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. പഞ്ചായത്ത് തലത്തിലും പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ കുട്ടനാടിന് പ്രത്യേക പരിഗണന നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ജലവിഭവ, റവന്യൂ വകുപ്പുകളുടെ മന്ത്രിമാരുമായി കൂടിയാലോചിച്ച് കുട്ടനാടിനായി പ്രത്യേക ദൗത്യം രൂപപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിൽ താപനിലയും ജലക്ഷാമവും വർധിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ മാത്രമല്ല, പ്രകൃതിദത്ത ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി പറഞ്ഞു. പ്രകൃതിദത്ത നീരൊഴുക്കുകളും തോടുകളും സംരക്ഷിക്കുന്നതിനും മാലിന്യസംസ്കരണത്തിലൂടെയും ശുചീകരണ പ്രവർത്തനങ്ങളിലൂടെയും ജലസ്രോതസ്സുകൾ വീണ്ടെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തും- മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെയും കുട്ടനാട്ടിലെ വെല്ലുവിളികളെയും നേരിടാൻ മുൻഗണനകൾ നിശ്ചയിച്ച് ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
2018-ലെ പ്രളയത്തിനും തുടർന്നുണ്ടായ കാലാവസ്ഥാ ദുരന്തങ്ങൾക്കും ശേഷം കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ., കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.




















