സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ വൈറ്റില ഹബ്ബിൽ തുടങ്ങി
എറണാകുളം വൈറ്റില ഹബ്ബിൽ സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ ‘സപ്ലൈകോ ഗോ’ പ്രവർത്തനം തുടങ്ങി. ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോറാണിത്. ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനായിരുന്നു.
കാലത്തിൻറെ മാറ്റത്തെ ഉൾക്കൊണ്ട് നവീകരിച്ച രീതിയിലുള്ള വിവിധ മാതൃകകൾ സപ്ലൈകോ സ്വീകരിക്കുന്നതിന് ഉദാഹരണമാണ് കൺവീനിയൻസ് സ്റ്റോർ എന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ ഗോ സ്റ്റോറുകൾ ക്ലസ്റ്റർ രൂപത്തിലാണ് നടപ്പാക്കുകയെന്നും എറണാകുളം നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറ് സപ്ലൈകോ ഗോ സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും ഇത്തരം സ്റ്റോറുകൾ ആരംഭിക്കും. കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിലും സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സപ്ലൈകോ ഗോ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ, ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങളാണ് വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേയുടെ സമീപമുള്ള സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാകുന്നത്.




















