ശബരിമലയിൽ തിരുപ്പതി മാതൃകയിൽ മെഗാ പ്രോജക്റ്റ് നടപ്പിലാക്കും- മുഖ്യമന്ത്രി

സിയാലിൽ ശബരിമല ഇടത്താവളം ഉദ്‌ഘാടനം ചെയ്തു

ശബരിമലയിൽ തിരുപ്പതി മാതൃകയിൽ മെഗാ പ്രോജക്റ്റ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ശബരിമല ഇടത്താവളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല തീർത്ഥാടനം പിൽഗ്രിം ടൂറിസത്തിന്റെ കൂടി ഭാഗമാക്കി മാറ്റും. വരുന്ന ഒരു തീർത്ഥാടകൻ പോലും പ്രയാസപ്പെടാത്ത എല്ലാ  സൗകര്യങ്ങളുമുള്ള തിരുപ്പതി മോഡൽ മെഗാ പ്രോജക്റ്റ് ശബരിമലയിൽ നടപ്പിലാക്കും- മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ മണ്ഡലകാലത്തും കേരളത്തിലേക്ക് എത്തുന്നത്. അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത്തവണത്തെ  മണ്ഡലകാലം കഴിഞ്ഞാൽ ശബരിമലയിൽ ദീർഘ-കാല അടിസ്ഥാനത്തിലുള്ള  സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള യോഗം വിളിച്ചു ചേർക്കും.

പദ്ധതി നടപ്പിലാകുന്നതോടെ തീർത്ഥാടകരുടെ എണ്ണം 50 ശതമാനം കൂടി വർധിക്കുമെന്നാണ് പ്രതീക്ഷ. ശബരിമലയിൽ ദർശനം നടത്തി ഉടനെ തിരിച്ചുപോകാതെ മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കുന്ന തരത്തിൽ ഇന്റർകണക്ടഡ് പിൽഗ്രിം ടൂറിസമാണ് വിഭാവനം ചെയ്യുന്നത്.- അദ്ദേഹം പറഞ്ഞു.

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി മന്ത്രിമാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും യോഗം വിളിച്ചിരുന്നു. പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ പറഞ്ഞ എല്ലാ കാര്യങ്ങളും വൃശ്ചികം ഒന്നാം തീയതിക്ക് മുമ്പേ പൂർത്തിയാക്കി.

ഒരു ആശങ്ക ഉണ്ടായിരുന്നത് ചാലക്കയം റോഡിൻറെ കാര്യമാണ്. അടിയന്തിര നിർദേശം നൽകി ഒരു മാസം കൊണ്ട് റോഡ് നിർമാണം പൂർത്തീകരിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ റെക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ ഒരു റോഡാണത്.-മുഖ്യമന്ത്രി പറഞ്ഞു

5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സിയാലിൽ ഇടത്താവളമൊരുക്കിയിരിക്കുന്നത്. സിയാലിൽ നിന്നും തിരിച്ചും കെ.എസ്.ആർ.ടി.സി സർവീസ് ലഭ്യമാണ്. ബുക്കിംഗ് കൗണ്ടർ ഇടാത്തവളത്തിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം ചാർട്ടേർഡ് ബസ് ബുക്കിംഗ് സൗകര്യവുമുണ്ട്. സർവീസിന്റെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു.

ഹെലിക്കോപ്റ്റർ സർവീസ് ബുക്കിങ്ങിനായി പ്രത്യേകം കൗണ്ടറും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കൂടാതെ ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിംഗ്, വെജിറ്റേറിയൻ ഭക്ഷണശാല, എ.സി വിശ്രമകേന്ദ്രം ഫ്രീ വൈ-ഫൈ എന്നീ സൗകര്യങ്ങളുമുണ്ട്. തത്സമയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം ഇടത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആഭ്യന്തര ആഗമന ടെർമിനലിന് സമീപമായതുകൊണ്ടുതന്നെ തീർത്ഥാടകർക്ക് എളുപ്പം ഇടത്താവളത്തിലെത്തിച്ചേരാനാവും. ബെന്നി ബെഹനാൻ എം.പി  ആധ്യക്ഷത വഹിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്  സ്വാഗതവും എയർപോർട്ട് ഡയറക്ടർ മനു ജി.നന്ദിയും
പറഞ്ഞു.