കാസർകോട് ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ 71പേർ മത്സരിച്ചു.

ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ കൗസർ അഹമ്മദ് മൊഗ്രാലിന് ഒന്നാം സ്ഥാനം. മുഹമ്മദ് നിസാർ ആരിക്കാടി രണ്ടാം സ്ഥാനവും അഫ്സൽ നെല്ലിക്കുന്ന് മൂന്നാം സ്ഥാനവും നേടി.

കാസർകോട് ബ്ലോക്ക് പഞ്ചായത്തും ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ്  ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. കാസർകോട് ആരിക്കാടി ഷിറിയ പുഴയുടെ തീരത്ത് നടത്തിയ  മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 71 മത്സരാർത്ഥികൾ പങ്കെടുത്തു.

മത്സരം  രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. എ.കെ. എം.അഷറഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സരം മൂന്ന് മണിക്കൂർ നീണ്ടുനിന്നു. കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി. എം.ഷാഹിദ് തെക്കിൽ സമ്മാനദാനം നിർവഹിച്ചു. കാസർകോട്ട് ആദ്യമായി ഇങ്ങനെ ഒരു ദേശീയ മത്സരം സംഘടിപ്പിച്ചതിന് അദ്ദേഹം സംഘാടക സമിതിയെ അഭിനന്ദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കാർല, കാഞ്ഞങ്ങാട് സബ് ഇൻസ്പെക്ടർ സൈഫുദ്ദീൻ, കുമ്പള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ്, കെ.പി.എസ് റിസോർട്ട് ഉടമകളായ മുനീറുദ്ദീൻ, ഹക്കീം, നിഷാൻ കാനാനി മംഗളൂർ എന്നിവർ സംസാരിച്ചു.