എം.വി.ആർ കാൻസർ സെന്റർ പത്താം വാർഷികം ‘ദിശാബ്ദം’ ജനുവരി11മുതൽ 17വരെ
കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികം ‘ദിശാബ്ദം’ ജനുവരി11മുതൽ17വരെ ആഘോഷിക്കുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
11ന് ‘സഹകാർ കെ സംസ്കൃതി’ അന്തർദേശീയ സമ്മേളനത്തോടെയാണ് ‘ദിശാബ്ദം’ തുടങ്ങുക. സഹകരണ മേഖലയിലൂടെ

ഭാവി പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ സഹകാരികളും വിദഗ്ധരും പങ്കെടുക്കും. സഹകരണ മന്ത്രി എം.ലിജു മുഖ്യപ്രഭാഷണം നടത്തും.
സെൻ്ററിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ പെറ്റ് സ്കാൻ11ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. രണ്ടാമത്തെ പെറ്റ് സ്കാൻ സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണിത്.
12ന് അർബുദത്തെ അതിജീവിച്ചവരുടെയും മജ്ജമാറ്റൽ ചികിത്സ നടത്തിയവരുടെയും സംഗമം നടക്കും.
13ന് മെഡിക്കൽ ഇൻഷൂറൻസ് സമ്മേളനത്തിൽ ‘ഏറിവരുന്ന ചികിത്സാ ചെലവും ഇൻഷുറൻസിന്റെ പ്രസക്തിയും’ എന്ന വിഷയത്തിൽ സാമ്പത്തിക, മെഡിക്കൽ ഇൻഷുറൻസ് വിദഗ്ധർ പങ്കെടുക്കും.
14ന് ‘ആതുരം ആത്മീയം’ എന്ന പേരിൽ രോഗാതുര-സാന്ത്വന പരിചരണ രംഗത്തെ ആത്മീയ നേതൃത്വത്തിന്റെ സമ്മേളനം നടക്കും
കാൻകോൺ-27 മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ ഓങ്കോളജി കോൺഫറൻസ് ‘കാൻകോൺ-27’ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യക്ക് അകത്തും പുറത്തു മുള്ള കാൻസർ ചികിത്സാരംഗത്തെ വിദഗ്ധ ഡോക്ടർമാർ ഇതിൽ പങ്കെടുക്കും.
17ന് ‘ദിശാബ്ദം’ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രമേഷ് ചെന്നിത്തല അധ്യക്ഷത വഹിക്കും. 31ന് വൈകുന്നേരം ആറ് മണിക്ക് എം.വി.ആർ കാൻസർ സെന്ററിൽ നിന്ന് എൻ.ഐ.ടി വരെ സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തും.
ഒരു ലക്ഷത്തിലേറെ രോഗികൾ ചികിത്സ തേടി
അർബുദ ചികിത്സാരംഗത്ത് അതുല്യമായ സേവനമാണ് എം.വി.ആർ കാൻസർ സെൻ്റർ ഒരു ദശാബ്ദക്കാലം കൊണ്ട് നാടിന് നൽകിയതെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.
ഈ പത്തുവർഷ കാലയളവിൽ ഒരു ലക്ഷത്തിലേറെ രോഗികൾ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. മുപ്പതിനായിരത്തിലേറെ ശസ്ത്രക്രിയകളും മൂന്നു ലക്ഷത്തിലേറെ കീമോതെറാപ്പികളും ഇരുപതിനായിരത്തോളം റേഡിയോ തെറാപ്പികളും നടത്തിയിട്ടുണ്ട്.
കോഴിക്കോട് ചൂലൂരിൽ 20 ഏക്കർ ക്യാമ്പസിൽ 300 കിടക്കകളോടെയാണ് എം.വി.ആർ കാൻസർ സെന്റർ പ്രവർത്തിക്കുന്നത്. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച കെയർ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.
മുൻമന്ത്രിയും പ്രമുഖ സഹകാരിയുമായിരുന്ന എം.വി. രാഘവൻ്റെ സ്മരണക്കായാണ് ഈ സ്ഥാപനം സമർപ്പിച്ചിട്ടുള്ളത്. ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നു.
ദക്ഷിണേന്ത്യയിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായ ഇവിടെ 20 ക്ലിനിക്കൽ ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയിലെ പ്രശസ്തമായ ക്ലവ് ലാൻ്റ് ക്ലിനിക്കും അശുപത്രിക്ക് പിന്തുണ നൽകുന്നുണ്ട്. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ സെന്റർ എന്ന നിലയിലും ദേശീയ അന്തർദേശീയ ബഹുമതികൾ എം.വി.ആർ കാൻസർ സെൻ്റർ നേടിയിട്ടുണ്ട്. മെഡിക്കൽ ഡയരക്ടർ ഡോ. നാരായണൻ കുട്ടി വാര്യരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.




















