എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിന് സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കവി കെ.ജി.എസ്. അധ്യക്ഷനും കൽപറ്റ നാരായണൻ, കെ.സച്ചിദാനന്ദൻ, സാറാജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പുരസ്കാരം പിന്നീട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വരുംതലമുറയുടെ കൂടി എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗ്ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറി. നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുമ്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ‘സംഗീതം ഒരു സമയകലയാണ്’, ‘ഹിച്ച്കോക്കിന്റെ ഇടപെടൽ’, ‘കയറിന്റെ അറ്റം’, ‘നായകന്മാർ ശവപേടകത്തിൽ’, ‘മെലിഞ്ഞവരുടെ മനശ്ശാസ്ത്രം’, ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’ തുടങ്ങി മേതിലിനല്ലാതെ പണിയാനാവാത്ത ബഹുനിലകളുള്ള മായാമന്ദിരങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ.
ലോകകവിത, തത്വചിന്ത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, ഷഡ്പദവിജ്ഞാനീയം തുടങ്ങിയവയിലുള്ള അഗാധമായ താത്പര്യം അദ്ദേഹത്തിന്റെ ഉപന്യാസങ്ങളെ സവിശേഷമാക്കുന്നു.
മലയാളത്തിന് പുതിയൊരു കാവ്യഭാഷാക്രമം സൃഷ്ടിച്ച എഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരത്തിന്പപതിറ്റാണ്ടുകളായി ഭാഷയിൽ നവക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ പൂർണ അർഹനാണെന്നും ജൂറി വ്യക്തമാക്കി.
1944 ഓഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്ത് ജനിച്ചു. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോൻ, മാതാവ്: മേതിൽ കമല. ചിറ്റൂർ ഗവൺമെന്റ് കോളേജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോർവീജിയൻ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയർ യു എസ് എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കൽ, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിംഗ്, പെൻഗ്വിൻ എന്നിവ പ്രധാന കൃതികൾ.
പരേതയായ പ്രഭാവതിയാണ് ഭാര്യ. മക്കൾ : പരേതയായ ജൂൺ, ജൂലിയൻ. സാംസ്കാരിക വകുപ്പ് സെക്രട്ടറി കെ. ബിജു, ഡയറക്ടർ ഇമ്പശേഖർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപ്പറ്റ നാരായണൻ, സെക്രട്ടറി എം.പി. സുരേന്ദ്രൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




















