പ്രൊഫ.വി.ഗോപിനാഥൻ സ്മാരക പുരസ്കാരം ഡോ.തമ്പാൻ മേലത്തിന്
പ്രൊഫ.വി.ഗോപിനാഥൻ സ്മാരക പുരസ്കാരം ഡോ.തമ്പാൻ മേലത്തിന്.
ഇരുപത്തയ്യായിരം രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഭൗമശാസ്ത്ര ഗവേഷണ രംഗത്തെ അതുല്യ സംഭാവനകൾ കണക്കിലെടുത്താണ് ഡോ.തമ്പാൻ മേലത്തിന് പ്രൊഫ.വി.ഗോപിനാഥന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം നൽകുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭൗമശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പിന്റെ മുൻ ഉപഡയറക്ടറുമായിരുന്നു പ്രൊഫ.വി. ഗോപിനാഥൻ. കാസർകോട് ഗവ. കോളേജ് ജിയോളജി വകുപ്പ് തലവനും പ്രിൻസിപ്പലുമായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രൊഫ.വി.ഗോപിനാഥന്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 22ന് രാവിലെ 10ന് കാസർകോട് ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി.സുകുമാരൻ സമ്മാനിക്കും. അനുസ്മരണ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.
കാസർകോട് കാറഡുക്ക സ്വദേശിയാണ് ഡോ. തമ്പാൻ മേലത്ത്. കാസർകോട് ഗവ. കോളേജിലെ പൂർവവിദ്യാർത്ഥിയും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ഡയറക്ടറുമാണ്.
കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളിലെയും ധ്രുവപ്രദേശങ്ങളിലെയും ഹിമാനികളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ള ഗവേഷണമാണ് ഡോ.തമ്പാൻ മേലത്തിന്റെ പ്രധാന ദൗത്യം. ഇതിനകം നിരവധി ഗവേഷണ റിപ്പോർട്ടുകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
ആർട്ടിക്കിലും അന്റാർട്ടിക്കിലും ഹിമാലയത്തിലും ശാസ്ത്രപര്യവേഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ ഗവേഷണ രംഗത്ത് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2013 ൽ നാഷണൽ ജിയോ സയൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.




















