വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ രേഖകൾ സൗജന്യമായി നൽകണം

വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ പിന്നീട് രേഖകളുടെ പകർപ്പുകൾ സൗജന്യമായി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളുടെ പകർപ്പിന് ഫീസ് അടക്കാൻ ഉണ്ടെങ്കിൽ അക്കാര്യം നിശ്ചിത സമയത്തിനുള്ളിൽ തന്നെ അപേക്ഷകരെ അറിയിക്കേണ്ടതാണ്. ഇപ്രകാരം അറിയിക്കാതിരുന്നാൽ രേഖകൾ മുഴുവൻ സൗജന്യമായി നൽകണമെന്നും കമ്മീഷണർ നിർദേശിച്ചു.

വിവരാവകാശ അപേക്ഷയ്ക്ക് മാത്രമേ അപേക്ഷ ഫീസ് നൽകേണ്ടതുള്ളു. അപ്പീൽ അപേക്ഷകൾക്ക് ഫീസ് നൽകേണ്ടതില്ലെന്നും കമ്മീഷണർ പറഞ്ഞു. മറുപടിയിൽ വിവരത്തോടൊപ്പം ആവശ്യമായ മറ്റ് കാര്യങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.

അപേക്ഷ ലഭിച്ച തീയതി, മറുപടി നൽകുന്ന തീയതി, മറുപടി നൽകുന്ന ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപേര്, വിവരാവകാശ ഓഫീസർ എന്ന സ്ഥാനപ്പേര്, ഉദ്യോഗസ്ഥൻ്റെ ഒപ്പ്, പെൻ നമ്പർ, ഓഫീസ് മുദ്ര, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയും പകർപ്പുകൾക്ക് ഫീസ് അടയ്ക്കാൻ ഉണ്ടെങ്കിൽ ഒരു പേജിന് എത്ര രൂപയാണെന്നും അകെ എത്ര പേജുകൾ ഉണ്ടെന്നും എത്ര തുക അടയ്ക്കണമെന്നും വ്യക്തമായിരിക്കണം.

കൂടാതെ തുക അടയ്ക്കേണ്ടുന്ന ഹെഡ് ഓഫ് അക്കൗണ്ടും മറുപടിയിൽ കാണിച്ചിരിക്കണം. മറുപടിയിൽ അപ്പീൽ നൽകാനുള്ള അപ്പീൽ അധികാരിയുടെ വിലാസവും അപ്പീൽ കാലാവധിയും രേഖപ്പെടുത്തേണ്ടതുമാണ്.

വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ഉദ്യോഗസ്ഥർ സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ അപ്രകാരം ചെയ്യേണ്ടതാണെന്നും  വെബ്സൈറ്റ് കാലോചിതമായി പരിഷ്കരിച്ച് വിവരങ്ങൾ ചേർക്കണമെന്നും കമ്മീഷണർ പറഞ്ഞു. വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഹിയറിങ്ങിൽ 20 അപ്പീൽ ഹർജികൾ തീർപ്പാക്കി.