ചെമ്പൈ സംഗീതോത്സവം തുടങ്ങി; ആദ്യ ദിനം160 സംഗീതാർച്ചനകൾ

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചനകൾ പുരോഗമിക്കുകയാണ്. ആദ്യ ദിനത്തില്‍രാത്രി11.52 നാണ് സംഗീതാർച്ചന പൂർത്തിയായത്. മുതിർന്നവരും പുതുതലമുറയിലെ പ്രതിഭകളുമടക്കം 160 കലാകാരന്മാർ പങ്കെടുത്തു.

പ്രഗത്ഭരായ കർണാടക സംഗീതജ്ഞരും യുവപ്രതിഭകളും ഒത്തുചേർന്ന വേദിയിൽ രാഗവിസ്താരങ്ങളും കീർത്തനാലാപനങ്ങളും ഭക്തിനിർഭരമായി. വായ്പ്പാട്ടിനൊപ്പം വയലിൻ, മൃദംഗം, ഘടം, മുഖർശംഖ് തുടങ്ങിയ പക്കമേള കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വൈകുന്നേരത്തെ വിശേഷാൽ കച്ചേരികൾ ആസ്വാദകർക്ക് നവ്യാനുഭവമായി മാറി. ആദ്യദിനം തന്നെ സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യമാണ് ഗുരുവായൂരിൽ ദൃശ്യമായത്. വരും ദിവസങ്ങളിലും കൂടുതൽ പ്രമുഖരുടെ കച്ചേരികളും താളവാദ്യ വിരുന്നുകളും വേദിയിൽ അരങ്ങേറും. വിശേഷാൽ കച്ചേരി അവതരിപ്പിച്ച കലാകാരൻമാർക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു.