കണ്ണന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപിയാശാൻ

ഗുരുവായൂർ ക്ഷേത്ര വേദിയിൽ കൃഷ്ണനായി ഒട്ടേറെ തവണ നിറഞ്ഞാടിയ ഗോപി ആശാൻ പിറന്നാൾ ദിനത്തിൽ കണ്ണന് മുന്നിൽ കുചേലനായി വേഷമിട്ടു. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ്റെ വേഷം ആസ്വദിക്കാൻ  ആസ്വാദകർ തിങ്ങി നിറഞ്ഞു.  ഗോപിയാശാനെ ഗുരുവായൂർ ദേവസ്വം ആദരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാൻ കുചേലവേഷമിട്ടത്. നിരവധിതവണ കൃഷ്ണസന്നിധിയിൽ കൃഷ്ണവേഷത്തിൽ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കുചേലവേഷം കാണാൻ ആസ്വാദകർ ഏറെയെത്തി.

കലാമണ്ഡലം കൃഷ്ണകുമാർ കൃഷ്ണനായി അരങ്ങിലെത്തി. രുക്‌മിണിയായി ചമ്പക്കുളം വിജയകുമാർ വേഷമിട്ടു. ഇരിങ്ങാല ക്കുട പാർവതി കലാകേന്ദ്രമാണ് അരങ്ങൊരുക്കിയത്. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു.

ഗുരുവായൂരപ്പൻ്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ. ഒ വിമൽ.ജി.നാഥ് എന്നിവർ സന്നിഹിതരായി.