‘റീഇമാജിനിങ് കേരളം’ നേതൃ ശില്പശാലയ്ക്ക് ഐ.ഐ.എമ്മിൽ തുടക്കം
സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു.
കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായിട്ടാണ് ശില്പശാല. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ തിരി തെളിച്ചതോടെയാണ് ആദ്യദിന പരിപാടികൾക്ക് തുടക്കമായത്. ആദ്യ സെഷൻ ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് സെഷൻ നയിച്ചത്. നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്.
കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങളെ ജനജീവിതത്തിലെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ആദ്യദിനത്തിൽ കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിനുമുള്ള സമീപനങ്ങളും പരിഗണിക്കും. ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, കിംഗ്സ് കോളജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം.
പരമ്പരാഗത ക്ലാസ് മുറി പരിശീലനത്തിന് പകരം വിദഗ്ധരും നയരൂപീകരകരും തമ്മിലുള്ള സംവാദത്തിനും ആശയ വിനിമയത്തിനുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയപരമായ തീരുമാനങ്ങളെ സുസ്ഥിര ഫലങ്ങളാക്കി മാറ്റുന്നതിനുള്ള തെളിവധിഷ്ഠിത സമീപനവും വളർത്തുകയാണ് ലക്ഷ്യം.
കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമർപ്പിത നേതൃ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ ഏകദിന നേതൃത്വ-മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.




















