പൂക്കോട് വെറ്ററിനറി സര്‍വകലാശാല ലോകോത്തര ഗവേഷണ കേന്ദ്രമാക്കും- മുഖ്യമന്ത്രി 

പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല ലോകോത്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. വെറ്ററിനറി സര്‍വകലാശലയില്‍ നിര്‍മ്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റല്‍, അതിഥി മന്ദിരം, വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ എന്നിവയുടെ  ശിലാസ്ഥാപന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലയില്‍  ഗവേഷണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സാധ്യതകള്‍ ഉറപ്പാക്കാന്‍ എജുക്കേഷന്‍ ഡെസ്റ്റിനേഷന്‍ പോയിന്റാക്കി ക്യാമ്പസിനെ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക് പ്രോഗ്രാമുകളെ തൊഴില്‍ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിന് തൊഴില്‍-സാങ്കേതിക മേഖലകളിലെ മാറ്റത്തിനനുസൃതമായി പാഠ്യ പദ്ധതികളില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. സര്‍ക്കാര്‍ വിവിധ സെക്ടറുകളിലായി വിദഗ്ധരെ ഉള്‍പ്പെടുത്തി തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുകയാണെന്നും മാറ്റങ്ങള്‍ കൃത്യമായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യന്ന മുറയ്ക്ക് കരിക്കുലം പരിഷ്‌കരിക്കാന്‍  സര്‍വകലാശാലകള്‍ക്കും ക്യാമ്പസുകള്‍ക്കും നിര്‍ദ്ദേശം നല്‍കും.

ആഗോളതലത്തിലെ തൊഴില്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ ആരംഭിച്ചിട്ടുണ്ടെന്നും മനുഷ്യനും പ്രകൃതിയും ജന്തുജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വണ്‍ ഹെല്‍ത്ത് എന്ന ആശയത്തിന് പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെറ്ററിനറി- കാര്‍ഷിക സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന  വിദ്യാര്‍ത്ഥികളുടെ ഗവേഷണ ഫലങ്ങളില്‍ പൊതുജനങ്ങളുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നടപ്പാക്കാന്‍ സര്‍വ്വകലാശാലകള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇനിയൊരു സിദ്ധാര്‍ത്ഥ് ഉണ്ടാവാന്‍ പാടില്ലെന്നും സിദ്ധാര്‍ത്ഥിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിച്ച് നിയമസഭാ സമ്മേളനത്തില്‍ സിദ്ധാര്‍ത്ഥിന്റെ പേരില്‍ റാഗിംഗ് വിരുദ്ധ നിയമം പാസാക്കുമെന്നും സര്‍വ്വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.