സുരംഗങ്ങളുടെ സംരക്ഷണം: ശില്‍പശാല നടത്തി

വി.ബി-ജി റാംജി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ സുരംഗങ്ങളുടെ പുനരുജ്ജീവനം, സംരക്ഷണം, ശാസ്ത്രീയ പരിപാലനം എന്നിവ ലക്ഷ്യമിട്ട് ദ്വിദിന ശില്‍പശാല നടത്തി. ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ കൃത്രിമ ഭൂഗര്‍ഭജല പുനരുജ്ജീവന സംവിധാനങ്ങള്‍, മേല്‍ക്കൂരയിലെ മഴവെള്ള സംഭരണ സംവിധാനങ്ങളുടെ രൂപകല്‍പ്പന, അവ പ്രായോഗികമായി നടപ്പാക്കുന്ന രീതികള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടന്നു.

ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടിയിലുള്ള സുരംഗം സന്ദര്‍ശിച്ച് ഫീല്‍ഡ് പരിശീലനവും സംഘടിപ്പിച്ചു. കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജ്യണിലെ ശാസ്ത്രജ്ഞരായ എം.സന്താന സുബ്രഹ്‌മണി, ജി.ശ്രീനാഥ്, റിട്ട. ശാസ്ത്രജ്ഞന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് റീജ്യണല്‍ ഡയറക്ടര്‍ ഡി. ജ്ഞാനസുന്ദര്‍ മുഖ്യാതിഥിയായി. വി.ബി-ജി റാം ജി ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട്ടെ സുരംഗങ്ങളുടെ സംരക്ഷണവും ശാസ്ത്രീയ പരിപാലനവും മാതൃകാ പദ്ധതിയായി ഏറ്റെടുക്കുന്നതിനായി വി.ബി-ജി റാം ജി സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് സംഘം ജില്ലയിലെ വിവിധ സുരംഗങ്ങള്‍ സന്ദര്‍ശിച്ച് ശാസ്ത്രീയ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശീലന ശില്‍പശാല സംഘടിപ്പിച്ചത്.