നെൽവിത്തുകളെ കാത്ത് മണ്ണിനെ സ്നേഹിച്ച ചെറുവയല് രാമന് യാത്രയായി
നെൽവിത്തുകൾ സംരക്ഷിച്ച് മണ്ണിനെ സ്നേഹിച്ച കമ്മന തലക്കര ചെറിയ രാമന് എന്ന ചെറുവയല് രാമന് (74)യാത്രയായി. പാരമ്പര്യ നെല്വിത്ത് സംരക്ഷകനായ അദ്ദേഹത്തെ 2023 റിപ്പബ്ലിക്ക് ദിനത്തില് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം. 1952 ജൂണ് ആറിനായിരുന്നു ജനനം. 45 ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത പച്ചക്കറി ഇനങ്ങള്, ഔഷധ സസ്യങ്ങള്, വിവിധ വൃക്ഷങ്ങള് എന്നിവയും സംരക്ഷിച്ചു വരുന്നുണ്ട്.
2011ല് ഹൈദരാബാദില് നടന്ന ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയല് രാമനായിരുന്നു. നെല്ലച്ഛനായ ചെറുവയല് രാമനില് നിന്നും പരമ്പരാഗത കൃഷി രീതികള് പഠിക്കാന് വിദ്യാര്ത്ഥികള്, ഗവേഷകര്, കര്ഷകര് എന്നിവര് എത്താറുണ്ട്.
2016ല് ജനിതക സംരക്ഷണ പുരസ്കാരം, ദേശീയ പ്ലാന്റ് ജീനോം സേവിയര് അവാര്ഡ്, 2023 ല് പത്മശ്രീ പുരസ്കാരം എന്നിവ ലഭിച്ചു. 2026ല് കാര്ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പേരില് കൃഷി വകുപ്പ് ഏര്പ്പെടുത്തിയ പുരസ്കാരവും ലഭിച്ചു.
രാമേട്ടന്റെ ജീവിതം സ്വാഭാവിക പ്രകൃതി പാഠമാണ്. പരമ്പരാഗത നെല് വിത്തുകളുടെ സൂക്ഷിപ്പുകാരനായ ചെറുവയല് രാമന് ചെന്നെല്ല്, ഗന്ധകശാല, മുല്ലന്പുഞ്ച ഉള്പ്പെടെ അപൂര്വ്വ നാടന് നെല്വിത്തുകള് സംരക്ഷിച്ച് കാര്ഷിക പാരമ്പര്യത്തെ സംരക്ഷിച്ചുപോന്നു. പരമ്പരാഗത അറിവുകളാല് മണ്ണില് പൊന്ന് വിളയിച്ചാണ് നാടിന്റെ പത്മശ്രീ വിടവാങ്ങിയത്.
നെല്വിത്തുകളുടെ കാവലാള്ക്ക് നാടിന്റെ വിട
മണ്ണ് കൊണ്ട് മെഴുകി നെല്കറ്റയാല് മേഞ്ഞ പുല്ലുപുരയില് കൃഷിപാഠങ്ങള് പഠിക്കാനെത്തിയ വീട്ടിലേക്ക് കൈകളില് പൂച്ചെണ്ടുമായി നീണ്ട നിരയാണ് രാമേട്ടന് അന്ത്യാഞ്ജലി നേരാന് കാത്തുനിന്നത്. കമ്മന നവോദയം എല്.പി സ്കൂള് അങ്കണത്തില് നടന്ന പൊതുദര്ശനത്തില് ആയിരങ്ങളുടെ ആദരാഞ്ജലികള് ഏറ്റുവാങ്ങിയാണ് നെല്വിത്തുകളുടെ സംരക്ഷകന് വിടവാങ്ങിയത്.
സംസ്ഥാന സര്ക്കാരിന്റെ പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെ കമ്മനയിലെ ചെറുവയല് വീട്ടിലാണ് ശവസംസ്കാര ചടങ്ങുകള് നടന്നത്. ഭൗതിക ശരീരത്തില് ഗവര്ണര്, മുഖ്യമന്ത്രി, സംസ്ഥാന സര്ക്കാര് എന്നിവര്ക്കുവേണ്ടി ജില്ലാ കളക്ടര് വി ചെല്സാസിനി പുഷ്പചക്രം അര്പ്പിച്ചു. കൃഷി മന്ത്രി അഡ്വ. ടി സിദ്ദീഖ് ഭൗതിക ശരീരത്തില് പുഷ്പചക്രം അര്പ്പിച്ചു. റവന്യൂ മന്ത്രിക്കു വേണ്ടി സബ് കളക്ടര് അതുല് സാഗര് പുഷ്പചക്രം അര്പ്പിച്ചു.
ഉഷാ വിജയന് എം.എല്.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, മുന് മന്ത്രിമാരായ ഒ.ആര് കേളു, എം.വി ഗോവിന്ദന് മാസ്റ്റര്, എ.കെ ശശീന്ദ്രന്, പി.കെ ജയലക്ഷ്മി, മിസോറാം മുന് ഗവര്ണര് കുമ്മനം രാജശേഖരന്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്, ഫോക്ലോര് അക്കാദമി ചെയര്മാന് സുരേഷ് ഇളയാവൂര്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ തുടങ്ങി നിരവധി പേരാണ് ചെറുവയല് രാമന് അന്ത്യോപചാരമര്പ്പിക്കാനെത്തിയത്.




















