പ്രൊഫ.വി.ഗോപിനാഥൻ സ്മാരക അവാർഡ് ഡോ.തമ്പാൻ മേലത്തിന് സമ്മാനിച്ചു

പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പഠന ങ്ങൾക്കൊപ്പം പ്രാധാന്യമുള്ളതാണ് കണ്ടെത്തലുകളിന്മേലുള്ള തുടർ നടപടികളെന്ന് ഭൗമ ശാസ്ത്രഞ്ജൻ ഡോ. തമ്പാൻ മേലത്ത് പറഞ്ഞു. നിർഭാഗ്യവശാൽ റിപ്പോർട്ടുകളിന്മേൽ ഫലപ്രദമായ തുടർനടപടികൾ ഉണ്ടാകുന്നില്ലാ എന്നതാണ് അനുഭവം.

ഏതെങ്കിലും സ്ഥലത്ത് ഒരു ദുരന്തമുണ്ടായാൽ ഉടൻ ചില തുടർ നടപടികൾ ഉണ്ടാകാറുണ്ട്. എന്നാൽ ദുരന്തങ്ങൾ മുൻകൂട്ടി മനസിലാക്കി അതിൻ്റെ പ്രത്യാഘാതം കുറക്കാൻ സാധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ ശാസ്‌ത്ര നേട്ടങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുകയുള്ളുവെന്ന് ഡോ. തമ്പാൻ മേലത്ത് ചൂണ്ടികാട്ടി. കാസർകോട് ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ വി ഗോപിനാഥൻ സ്മാരക പ്രഥമ അവാർഡ് ഏറ്റുവാങ്ങിയശേഷം ‘കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരതങ്ങളും’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ പി. വി. സുകുമാരനിൽ നിന്ന് ഡോ. തമ്പാൻ മേലത്ത് പ്രൊഫ.വി.ഗോപിനാഥൻ സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങി. 25,000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.അശോക് കുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.