പി.എം.ജി.എസ്.വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തിയാക്കണം- പ്രിയങ്ക ഗാന്ധി

വയനാട് ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക് ഷൻ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്ക ഗാന്ധി എം.പി. നിര്‍ദേശിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

കല്ലോടി – വെള്ളമുണ്ട – തോട്ടോളിപ്പടി റോഡ്, ​പുല്ലുമല – കരിവയൽ റോഡ്  റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ ജല്‍ ജീവന്‍ മിഷന്‍, പി.ഡബ്ല്യൂ.ഡി വകുപ്പ് ഉദ്യോഗസ്ഥർ,  കരാറുകാർ എന്നിവരെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ എം.പി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഡ്രെയിനേജ്, കൾവർട്ട്, സൈഡ് പ്രൊട്ടക്ഷൻ തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണം. റോഡ് പ്രവൃത്തിയുടെ കാലതാമസം ഒഴിവാക്കാൻ  വിവിധ വകുപ്പുകളുമായി ആലോചിച്ച്  നടപടി സ്വീകരിക്കണമെന്നും കൃത്യമായ വിലയിരുത്തൽ നടത്തി മുന്നോട്ട് പോകണമെന്നും  നിര്‍ദ്ദേശിച്ചു. ജൽ ജീവൻ മിഷൻ പദ്ധതി കുടി വെള്ളത്തിന്റെ ഗുണനിലവാരം,  വാട്ടർ ടാങ്കുകളുടെ ശുചിത്വം  ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 2,731 കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി ധനസഹായം വിതരണം ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ​ബാക്കി കുടുംബങ്ങൾക്ക് വീടുപണി സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആദിവാസി ഊരുകളിലെ പുനരധിവാസ പുരോഗതി, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ബിൽ കുടിശ്ശിക സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ, ബോയിസ് ടൗണ്‍ ഉള്‍പ്പെടെ ജില്ലയിൽ  ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മോശമായ 20 ഇടങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്തയച്ചുിട്ടുണ്ടെന്ന് എം.പി പറഞ്ഞു. കൂടാതെ ദുരന്തങ്ങളുടെ സമയത്ത് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ‘സെൽ ഓൺ വീൽസ്’ വിന്യസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുനെല്ലി അപ്പപ്പാറ കോളനി, പനവല്ലി എന്നിവിടങ്ങളിൽ രണ്ട് മൊബൈൽ ടവറുകൾ കേന്ദ്രമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും ടവറുകൾക്കായുള്ള ഭൂമി അനുവദിക്കുന്നത് വേഗത്തിലാക്കാൻ റവന്യൂ വകുപ്പിനോട് അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. പോഷൻ ട്രാക്കർ ആപ്പുമായി ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാരും ഗുണഭോക്താക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചതായി എം.പി അറിയിച്ചു.

​പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി – അമ്പുകുത്തി – അമ്പലവയൽ റോഡ്, അമ്പലവയൽ – അമ്മയിപ്പാലം റോഡ്, സി.ആർ.ഐ.എഫ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി മുൻഗണന അടിസ്ഥാനത്തിൽ നിർമ്മാണം ഏറ്റെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിൻ്റെ രണ്ടാംഘട്ട  നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ശേഷിക്കുന്ന 150 ഓളം വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കുമെന്നും ടൗൺഷിപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ യോഗത്തിൽ അറിയിച്ചു.

കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സസിനി എന്നിവര്‍ പങ്കെടുത്തു.