കെഎസ്ആർടിസി കൊറിയർ: സഹ.സംഘങ്ങൾക്ക് പങ്കാളികളാകാം
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാഴ്സലുകൾ ശേഖരിച്ച് കെ.എസ്.ആർ.ടി.സി കൗണ്ടറുകളിൽ എത്തിക്കുന്നതിനും കൗണ്ടറുകളിൽ എത്തുന്ന പാഴ്സലുകൾ വീടുകളിൽ വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ ജീവനക്കാർ, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റർ ചെയ്തതുമായ സഹകരണ സംഘങ്ങൾക്ക് അപേക്ഷിക്കാം.
കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന മേഖലകളിൽ സേവനം നൽകുന്നതിനായി അർഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. താൽപര്യപത്രത്തോടൊപ്പം സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങൾ, പ്രവർത്തനമേഖല, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും സമർപ്പിക്കണം. താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണിയാണ്.
കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തിൽ നേരിട്ടോ estate@kerala.gov.in എന്ന ഇമെയിൽ വഴിയോ അപേക്ഷ നൽകാവുന്നതാണ്. നേരിട്ട് സമർപ്പിക്കേണ്ട വിലാസം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി, ട്രാൻസ്പോർട്ട് ഭവൻ, ഫോർട്ട് പി.ഒ, തിരുവനന്തപുരം-695023. കൂടുതൽ വിവരങ്ങൾക്ക് 0471-2471011 (എക്സ്റ്റൻഷൻ 232), 9495903813 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.




















