ശബരിമലയിൽ തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും- മുഖ്യമന്ത്രി

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണെന്നും അപ്പം,  അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും.

22 മെഡിക്കൽ എമർജെൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കുന്നത്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ അറിയിക്കണം

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ  പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിൽ സന്ദർശനം നടത്തിയ ശേഷം ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം.

സന്നിധാനം, പമ്പ, നിലയ്ക്കൽ, മറ്റ് തീർത്ഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിലയ്ക്കലിലെ 21 പാർക്കിംഗ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നിലയ്ക്കലിൽ പുതിയതായി നിർമ്മാണം പൂർത്തിയായ പോലീസ് ബറാക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം.  – മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ മുരളീധരൻ, മന്ത്രിമാരായ  സണ്ണി ജോസഫ്, എ.പി അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, എം. ലിജു, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.