ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് ‘മുറസു’; ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ നവംബർ 2,3,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7മുതൽ11 സെ.മീ. വരെ) സാധ്യതയുണ്ട്. നവംബർ 2 മുതൽ 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്.
ശക്തി കൂടിയ ചുഴലിക്കാറ്റ് ‘മുറസു’ മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തുടരുന്നു. തിങ്കളാഴ്ച രാത്രി 11:30നും നവംബർ മൂന്നിന് പുലർച്ചെ നാല് മണിക്കും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലുമായിരിക്കും ഇത് കരയിൽ പ്രവേശിക്കുക.




















