കൊച്ചി മെട്രോ രണ്ടാംഘട്ടം: ട്രാക്ക് റെയിലുകൾ എത്തി
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ പിങ്ക് ലൈൻ വരുന്ന ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ റെയിലുകളാണ് സജ്ജമായത്. 44 കിലോ മീറ്റർ(2,700 മെട്രിക് ടൺ) റെയിലുകൾ എത്തിയിരിക്കുന്നത്. 18 മീറ്റർ നീളത്തിലുള്ള 2444 റെയിലുകളാണിത്.
ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ‘ഹെഡ് ഹാർഡൻഡ് റെയിലുകൾ’ നിർമ്മിച്ചത്. കെ.എം.ആർ.എൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര (SYSTRA), പരിശോധനാ ഏജൻസിയായ റൈറ്റ്സ് (RITES) എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയത്. തേയ്മാനം കുറവുള്ളതും കൂടുതൽ ഈടുനിൽക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള (EN 13674-1) റെയിലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ട്രാക്ക് നിർമ്മാണം ടെക്സ്മാകോ റെയിൽ എൻജിനീയറിംഗ് കമ്പനിക്കാണ്. പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് ഡിസൈൻ ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കങ്ങളും പൂർത്തിയായതോടെ കൊച്ചി മെട്രോയുടെ രണ്ടാം പാതയുടെ നിർമ്മാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.




















