ശ്രീലങ്കയും കേരള ശാസ്‌ത്ര സാങ്കേതിക കൗൺസിലും ഗവേഷണ രംഗത്ത് സഹകരിക്കും
ശ്രീലങ്കയും കേരള ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും ശാസ്ത്ര-ഗവേഷണ സഹകരണത്തിൽ ഏർപ്പെടും. ഇതിനുള്ള സാധ്യതകളെക്കുറിച്ച് തിരുവനന്തപുരത്ത് ചർച്ച നടന്നു.
ശ്രീലങ്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ സ്റ്റഡീസ് ഡയറക്ടർ പ്രൊഫ.സിറിൽ അബേവിക്രമ വിജേസുന്ദര, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് പ്രതിനിധി ശ്രീജേഷ് എ. നായർ എന്നിവർ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.കെ.രാമചന്ദ്രനെ സന്ദർശിച്ചാണ് ചർച്ച നടത്തിയത്.
ശാസ്ത്ര-സാങ്കേതിക മേഖലയിൽ അറിവ് പങ്കിടൽ, സംയുക്ത ഗവേഷണ സംരംഭങ്ങൾ, സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയ്ക്കുള്ള സാധ്യതകൾ യോഗം പരിശോധിച്ചു. ശ്രീലങ്കയും ശാസ്ത്ര സാങ്കേതിക കൗൺസിലും തമ്മിലുള്ള സഹകരണ സാധ്യതകളെക്കുറിച്ച് നടന്ന ചർച്ചയിൽ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.പി.ഹരിനാരായണൻ, ഡോ. ശ്രീകുമാർ, ഡോ. എൻ.എസ്. പ്രദീപ് എന്നിവരും പങ്കെടുത്തു.




















