പക്ഷിപ്പനി:14228 വളര്‍ത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും

കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ളപക്ഷിപ്പനിനിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥല(പ്രഭവ കേന്ദ്ര)ത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നടത്തും. സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക.14,228 വളര്‍ത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കുക.

തുടര്‍ന്ന് കള്ളിങ്ങില്‍ ഉള്‍പ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥര്‍ ഒളിപ്പിച്ചതോ മറ്റിടങ്ങളിലേക്ക് കടത്തിയതോ ആയ പക്ഷികള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് നടപ്പിലാക്കും.

നിലവില്‍ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോര്‍പ്പറേഷന്‍ പരിധിയിലെ നല്ലളം എന്നിവിടങ്ങളില്‍ നാല് വീതം ആര്‍.ആര്‍.ടി ടീമുകളെ സജ്ജമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തില്‍ ജന്തുരോഗനിയന്ത്രണ പദ്ധതി കാര്യാലയത്തില്‍ നിന്നും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലിലേക്ക് അയച്ച അഞ്ചു സാമ്പിളുകളാണ് ഹൈ പത്തൊജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ പക്ഷികളില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, എല്‍. എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ പി. സി. മുജീബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.കെ. രാജാറാം, ചീഫ് വെറ്റിനറി ഓഫീസര്‍ സി.ബി.കെ. ചാക്കോ, മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി.കെ.രമദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.

വളര്‍ത്തുപക്ഷികളുടെ ഉപയോഗം വിപണനം കടത്തല്‍ നിരോധിച്ചു

പെരുമണ്ണ പഞ്ചായത്തിലെ വാര്‍ഡ് 15, ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡ് ആറ്, കക്കൊടി പഞ്ചായത്തിലെ വാര്‍ഡ് നാല്, പനങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 15, കോര്‍പറേഷന്‍ പരിധിയിലെ വാര്‍ഡ് 44 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഈ പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ജില്ല കളക്ടര്‍ നിരോധിച്ചു. പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495-2762050.