നെഹ്റുട്രോഫിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം-കെ.സി.വേണുഗോപാൽ
പുന്നപ്ര സ്വദേശി ഹരിൺ തയ്യാറാക്കിയ ‘വള്ളം തുഴയുന്ന വേഴാമ്പൽ’ ഭാഗ്യചിഹ്നം
ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘വള്ളം തുഴയുന്ന വേഴാമ്പൽ’ കെ. സി. വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങിൽ എക്സൈസ് സഹകരണ മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. കുട്ടനാടിന്റെ കാർഷിക, കായിക മേഖലകളുടെ കരുത്ത് തെളിയിക്കുന്ന വിനോദമാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ… കൊട്ടുവേണം കുഴല്‍ വേണം കുരവവേണം…” എന്ന വഞ്ചിപ്പാട്ട് പാട്ട് ഭാമ ചടങ്ങിൽ പാടി.148 ഭാഗ്യ ചിഹ്ന എൻട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. ആലപ്പുഴ പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘റാം c/o ആനന്ദി’ എന്ന നോവലിൻ്റെ കവർ ഡിസൈൻ ചെയ്തതും ഇദ്ദേഹമാണ്.
മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് ലെക്ച്ചററർമാരായ ഷാഖിർ, വി. എം. ബിനോയി, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്റെ വിധികർത്താക്കൾ. ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ പബ് ലിസിറ്റി കമ്മറ്റി സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ എ.ഡി.തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി.പ്രേംജി, ആലപ്പുഴ ആർ.ഡി.യും എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ.മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മറ്റി കൺവീനറുമായ കെ. എസ്. സുമേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




















