ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത

ജൂലൈ 6,7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 5 മുതൽ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറി.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢിനു മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ട്.