മുഖ്യമന്ത്രി വി.ഡി.സതീശൻ കള്ളാടി ദുരന്ത പ്രദേശത്തെത്തി

മുഖ്യമന്ത്രി വി. ഡി. സതീശൻ വയനാട് കള്ളാടി ദുരന്ത മേഖലയിലെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും പരിക്കേറ്റ്  ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി.സിദ്ധിഖ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. തുരങ്ക പാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചില്‍ മേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നിർദേശം നൽകി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി.

ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്നും മഴ തുടര്‍ന്നാല്‍ നിലവിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും എം.പി യോഗത്തില്‍ നിർദേശിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ  കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.