ഗുരുവായൂരിൽ ആനകൾക്ക് സുഖചികിത്സ തുടങ്ങി
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യത്തിനായി ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി.രാജമാണിക്കം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെ മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി.
ദേവസ്വം ആനത്താവളത്തിലെ 35 ആനകളിൽ മദപ്പാടിലുള്ളതും ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പ് ചുമതല ഉള്ളവയും ഒഴികെ 17 ആനകൾ സുഖചികിത്സ ഉദ്ഘാടന ചടങ്ങിൽ അണിനിരന്നു. ജൂലായ് 30 വരെ സുഖചികിത്സ തുടരും.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്,
.മനോജ് ബി.നായർ, എം.യു ഷിനിജ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ.പി.ബി.ഗിരിദാസ്, ഡോ.എം.എൻ.ദേവൻ നമ്പൂതിരി, ഡോ.കെ.വിവേക്, ഡോ.യു.ഗിരീഷ്, ഡോ. ശബരീനാഥ്.വി, നാകേരി വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ സന്നിഹിതരായി.




















