സംഗീത ലോകത്തെ പ്രതിഭകൾക്കൊപ്പം

കെ.കെ. മേനോൻ

ഞായറാഴ്ച ലോക സംഗീത ദിനം.

നാലായിരം വർഷങ്ങൾക്കു മുമ്പ്‌ ഫ്രാൻസിൽ ആരംഭിച്ച സംഗീത ദിനം ഇന്ന് ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു. സംഗീതം, എത്ര അറിഞ്ഞാലും അടുക്കാൻ ശ്രമിച്ചാലും അകലം കൂടുന്ന മഹാസാഗരമത്രേ.

സംഗീതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്  വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ ഇങ്ങനെ- ” മനസ്സിന് അസുഖം തോന്നുമ്പോൾ ലേശം സംഗീതം നല്ലതാണ്. മനുഷ്യനെന്ന ഈ അത്ഭുത പ്രതിഭാസത്തിന് ലഭിച്ചിട്ടുള്ള

അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും മഹത്തായതത്രേ സംഗീതം. ”

എന്റെ ജീവിതത്തിൽ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്തപ്പോൾ അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഹൈറേഞ്ചുകളിൽ, തേയിലത്തോട്ടങ്ങളിൽ മാനേജരായി ജോലിയെടുത്ത് വളരെ വിഭിന്നമായ ഒരു മേഖലയിലേക്ക് എടുത്തുചാടിയപ്പോൾ അത് ഇത്രയ്ക്കും മനോഹരമായിരിക്കുമെന്നോ രസാവഹമായിരിക്കുമെന്നോ എന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല.

സ്വയം എടുത്ത ഒരു തീരുമാനം. മൂന്ന് ദശാബ്ദത്തിലേറെ വിവിധ മ്യൂസിക് കമ്പനികളിൽ ഉത്തരവാദിത്തമേറിയ തസ്തികകളിൽ ജോലി എടുക്കുമ്പോൾ സംഗീതത്തിന്റെ വളരെ ചെറുതെങ്കിലും ഒരു ഭാഗമായി തീർന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

സംഗീതത്തെക്കുറിച്ച് എഴുതുമ്പോൾ എന്റെ അമ്മയെക്കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാൻ വയ്യ. വളരെക്കാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ച അമ്മ കുറച്ചുകാലം ചെമ്പൈയുടെ ശിഷ്യയും ആയിരുന്നു. അമ്മയിൽ നിന്ന് കിട്ടിയതായിരിക്കാം എനിക്ക് സംഗീതത്തിലുള്ള താല്പര്യം എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.

സഹോദരി സംഗീതജ്ഞൻ ഡോ. എം.ഡി രാമനാഥന്റെ ശിഷ്യയുമായിരുന്നു എന്ന് പറയുമ്പോൾ സംഗീത ജീവിതത്തിൽ ഞാൻ എത്തിപ്പെടാൻ വേറെ കാരണങ്ങൾ ഒന്നും തേടി പോകേണ്ടതില്ല എന്ന് തോന്നുന്നു. അമ്മ വിടപറഞ്ഞു പോയി 13 വർഷം കഴിഞ്ഞു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട നഗുമോ, ക്ഷീരസാഗരശയന, മോക്ഷമുഗലത എന്നീ കീർത്തനങ്ങൾ പാടാറുള്ള അമ്മയുടെ ശബ്ദം മനസ്സിന്റെ ഇടനാഴികളിൽ ഇപ്പോഴും അലയടിക്കാറുണ്ട്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങൾ ആഭേരി, സാരമതി, രീതിഗൗള, ശ്യാമ, ആഭോഗി, ശുദ്ധ്യാധന്യാസി, ഹിന്ദോളം എന്നിവയാണ്. ഞാൻ റെക്കോർഡ് ചെയ്ത പല ഗാനങ്ങളും ഈ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയവയാണ്. വളരെ പ്രശസ്തമായ ദേവിഗീതം ആൽബത്തിലെ “വിശ്വമോഹിനി” എന്ന ഗാനം ഹിന്ദോളവും ഹരിമുരളി എന്ന ആൽബത്തിലെ “ഹരിമുരളീ ഗാന” എന്ന ഗാനം ആഭേരിയുമാണ്.

നീണ്ട സംഗീത യാത്രയിൽ എനിക്ക് നിരവധി സംഗീതജ്ഞരുമായി വളരെ അടുത്തിടപഴകാൻ  സാധിച്ചിട്ടുണ്ട്. യേശുദാസ്, ജയചന്ദ്രൻ, എസ്.പി.ബി, ഹരിഹരൻ, എസ് ജാനകി, പി.സുശീല, ചിത്ര തുടങ്ങിയവരെല്ലാം ഞാൻ റെക്കോർഡ് ചെയ്ത ആൽബങ്ങളിൽ പാടിയിട്ടുണ്ട്

രണ്ട്‌ ട്രാക്ക് സ്റ്റീരിയോ റെക്കോർഡിങ്ങിൽ തുടങ്ങി, ഡിജിറ്റൽ മൾട്ടി ട്രാക്ക് റെക്കോർഡിങ് വരെ എത്തിനിൽക്കുന്ന സംഗീതത്തിന്റെ ആലേഖനങ്ങളിൽ സംഭവിച്ചിട്ടുള്ള വലിയ മാറ്റങ്ങൾക്കെല്ലാം സാക്ഷിയാകുവാൻ സാധിച്ചു.

ഇത് എഴുതുമ്പോൾ ഞാനുമായി വളരെ അടുത്തിടപഴകിയിട്ടുള്ള സഹോദരതുല്യനായ ജയേട്ടനെ (പി. ജയചന്ദ്രൻ ) സ്മരിക്കുന്നു. ഞാൻ കുറേയേറെ ഗാനങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഗാനരചനയിൽ ഒരു വിസ്മയമായിരുന്ന ഗിരീഷ് പുത്തഞ്ചേരി സ്മരണയിൽ ഇപ്പോഴും സജീവമാണ്. ഞാൻ റെക്കോർഡ് ചെയ്ത ഗാനഗന്ധർവ്വൻ ആലപിച്ച “ആരോ കമഴ്ത്തിവെച്ച”എന്ന ഒരൊറ്റ ഗാനം മതി ഗിരീഷിന്റെ പ്രതിഭ മനസ്സിലാക്കുവാൻ.

ഞാനുമായി നിരന്തരം സഹകരിച്ചിട്ടുള്ള ജയ വിജയ ജയൻ, എ.വി.വി. പോറ്റി,കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, ആലിപ്പറമ്പ് ശിവരാമ പൊതുവാൾ തൃത്താല കേശവ പൊതുവാൾ, പല്ലാവൂർ ത്രയം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അപ്പുമാരാർ, മണിയൻ മാരാർ, കുഞ്ഞുകുട്ടമാരാർ കദ്രി ഗോപാൽനാഥ്, കുന്നക്കുടി  വൈദ്യനാഥൻ, എസ്.പി. ബി, മലേഷ്യ വാസുദേവൻ, പി.കെ. രഘുകുമാർ, ഭരണിക്കാവ് ശിവകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബിച്ചുതിരുമല, കലവൂർ ബാലൻ തുടങ്ങി നിരവധി കലാകാരന്മാർ ഇന്നില്ല സംഗീതത്തിന് ഇവർ സമ്മാനിച്ച മഹത്തായ സംഭാവനകൾ ഓർമിക്കുന്നതോടൊപ്പം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. (എച്ച്.എം.വിയിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക് ഇൻഡസ്ട്രിയിൽ  സജീവമായിരുന്ന ലേഖകൻ അമിതാബച്ചൻ കോർപ്പറേഷന്റെ ജനറൽ മാനേജർ ആയിരുന്നു. സംഗീതത്തിന് പുറമെ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. “ഇന്ദ്രനീലം”  എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല മലയാള സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം. )