സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര: പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി പദ്ധതിയിലൂടെ കെഎസ്ആർടിസി നടപ്പാക്കുന്ന സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല, ഇത് സ്ത്രീകളോടുള്ള കേരളത്തിലെ ജനങ്ങളുടെ ആദരവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ  സമൂഹത്തിലുണ്ടാകും. കെഎസ്ആർടിസിയെ സർക്കാർ പ്രതിസന്ധിയിലാക്കുന്നില്ല. വർഷംതോറും 800 കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ കെഎസ് ആർടിസിക്ക് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി, മന്ത്രിമാരായ സി.പി. ജോൺ, കെ.എ. തുളസി, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് തുടങ്ങിയവര്‍
വനിതകൾക്കൊപ്പം ആദ്യ യാത്രയിൽ പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കായിരുന്നു ആദ്യ സർവീസ്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീല ആദ്യ യാത്രയുടെ ഡ്രൈവറായി. ജയകുമാരിയായിരുന്നു കണ്ടക്ടർ.

സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി ബസ്സുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസ്സുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.