സർക്കാർ പദ്ധതികളിൽ പരിസ്ഥിതി പ്രാധാന്യം ഉറപ്പാക്കും- മുഖ്യമന്ത്രി

സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിയെ തകർക്കുന്ന ഒരു വികസന പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ദേശീയതലത്തിൽ 2070 ലക്ഷ്യമിട്ടിരിക്കുമ്പോൾ കേരളം 2050ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുന്നതിനാണ് ശ്രമിക്കുന്നത്.

2040 ഓടെ തന്നെ ഇതിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകും. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാകുന്നുണ്ട്. അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും ഏത് സമയത്തും സംഭവിക്കാം. കൊച്ചി, മുംബൈ പോലുള്ള നഗരങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്.

മേഘവിസ്‌ഫോടനങ്ങൾ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും സമയം ലഭിക്കാത്ത സാഹചര്യമാണ്. പശ്ചിമഘട്ട മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന ‘വൺ ഹെൽത്ത്’ ആശയം കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം ഡയറക്ടറേറ്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടർ സുനീൽ പാമിടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്. കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ.പി.ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.