സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 ന് തുടങ്ങും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. 2026 ജൂൺ 10ലെ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതായി ഗതാഗത മന്ത്രി സി.പി.ജോൺ അറിയിച്ചു.

ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല.

പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന്  ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

കെ.എസ്.ആർ.ടി.സി. യാത്രക്കാരിൽ വലിയൊരു വിഭാഗം സ്ത്രീകളായതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ കുടുംബങ്ങളിലാകെ എത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിക്കുമെന്നും വിലയിരുത്തുന്നു.

പദ്ധതിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കും. ബസുകളിലെ പരസ്യങ്ങൾ വർധിപ്പിക്കുക, പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുക, ബസ് സ്‌പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണനയിലാണ്.

ഗ്രാമവണ്ടി പദ്ധതി വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 58 സർവീസുകൾ 500 ആയി ഉയർത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിവിഹിതവും പ്രയോജനപ്പെടുത്തും.

സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. പത്രസമ്മേളനത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കെഎസ്ആർടിസി സി.എം.ഡി. ഡോ.പ്രമോജ് ശങ്കർ എന്നിവരും സംബന്ധിച്ചു.