ജാർഖണ്ഡിൽ നിന്ന് യു.കെയിലേക്ക് ആദ്യമായി അമ്രപാലി മാമ്പഴ കയറ്റുമതി 

ജാർഖണ്ഡ് സംസ്ഥാനത്തെ വനിതാ നേതൃത്വത്തിലുള്ള കർഷക ഉല്പാദക കമ്പനിയിൽ നിന്ന് 1.5 മെട്രിക് ടൺ അമ്രപാലി മാമ്പഴം ആദ്യമായി യു.കെയിലേക്ക് കയറ്റി അയച്ചു.

ജാർഖണ്ഡിലെ കാർഷിക കയറ്റുമതിയിൽ  നാഴിക കല്ലാണ് ഈ കയറ്റുമതി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് സംസ്ഥാനത്ത് നിന്ന് ഈ കയറ്റുമതിക്ക് നേതൃത്വം നൽകിയത്.  കൊൽക്കത്തയിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.

ജാർഖണ്ഡിലെ സിംഡെഗ ജില്ലയിലെ ബാനോ ബ്ലോക്കിലുള്ള ബ്യൂറ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ നിന്ന് ശേഖരിച്ച അമ്രപാലി മാമ്പഴമാണിത്. കൊൽക്കത്തയിലെ  ജെ.ജി.ബി.ആഗ്രൊ ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡാണ് ലണ്ടനിലേക്ക് ഇത് കയറ്റുമതി ചെയ്തത്.

സിംദേഗ ജില്ലയിലെ കർഷക ഉൽ‌പാദക കമ്പനികൾ (FPC), കർഷക ഉൽ‌പാദക സംഘടനകൾ (FPO), പുരോഗമന കർഷകർ എന്നിവർക്കായി 2026 മെയ് മാസത്തിൽ സംഘടിപ്പിച്ച കയറ്റുമതി അധിഷ്ഠിത ശേഷി വികസന പരിപാടിയുടെ ഭാഗമായാണ് കയറ്റുമതി.

കയറ്റുമതി ആവശ്യകതകൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, വിപണി അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. തുടർന്ന് ജില്ലയിൽ നിന്ന് കയറ്റുമതി യോഗ്യമായ മാമ്പഴം സംഭരിച്ചു. നിലവിലുള്ള ആഭ്യന്തര വിപണി വിലയെ അപേക്ഷിച്ച്  കർഷകർക്ക് മെച്ചപ്പെട്ട വരുമാനം കയറ്റുമതിയിലൂ ടെ ലഭിച്ചു.

സംസ്ഥാനത്ത് വളരുന്ന അമ്രപാലി ഇനം മാമ്പഴം അതിന്റെ ഗുണനിലവാര സവിശേഷതകൾക്കും വിപണി സ്വീകാര്യതയ്ക്കും പേരുകേട്ടതാണ്. ദശേരി, നീലം എന്നിവയുടെ സങ്കര ഇനമായി ഇത്. ഇന്ത്യയിലെ പല ഫാമുകളിലും തോട്ടങ്ങളിലും ഈ മാവിനം ഉണ്ട്. മാധുര്യമേറിയതും നാരുകൾ ഇല്ലാത്തതുമായ മാമ്പഴമാണിത്.

വനിതകളുടെ നേതൃത്വത്തിലുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനി വളർത്തുന്ന അമ്രപാലി മാമ്പഴങ്ങൾ യു.കെയിലേക്ക് കയറ്റുമതി ചെയ്യുന്നത് “ലോക്കൽ ഗോസ് ഗ്ലോബൽ” എന്നതിന്റെ ശക്തമായ ഉദാഹരണമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വിശേഷിപ്പിച്ചു. ഈ കയറ്റുമതിയോടെ അന്താരാഷ്ട്ര വിപണികളിലേക്ക് പുതിയ പഴങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ജാർഖണ്ഡും ഉൾപ്പെട്ടു.