ലോകത്തുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ക്യാമ്പസുകളെ സജ്ജമാക്കും -മന്ത്രി റോജി എം.ജോണ്‍
ലോകത്തുണ്ടാകുന്ന മാറ്റങ്ങളിലൂടെ എന്തെല്ലാം തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നതെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും അതിനനുസരിച്ച് കോഴ്‌സുകള്‍ രൂപപ്പെടുത്തി ക്യാമ്പസുകളെ സജ്ജമാക്കുകയും ചെയ്യുമെന്നും അതിനു വേണ്ടിയാണ് ഗ്ലോബര്‍ ജോബ് വാച്ച് ടവര്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിച്ച ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൊബൈല്‍ ഫോണുകളിലെ സോഫ്റ്റ് വേറുകള്‍ അപ്‌ഡേറ്റഡ് ആവുന്ന വേഗത്തിലാണ് വിദ്യാഭ്യാസ രംഗവും സാങ്കേതിക വിദ്യകളും മാറിക്കൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ രംഗവും മാറേണ്ടതുണ്ട്.
വിദ്യാഭ്യാസ രംഗത്ത് എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമായിട്ടും ഇതിന്റെ പ്രയോജനം ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതില്‍ മാറ്റം വേണം. വ്യവസായ രംഗവും വിദ്യാഭ്യാസവും തമ്മിലുള്ള അകലം പരിഹരിക്കുകയെന്നത് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ പ്രായോഗിക പരിജ്ഞാനം വളര്‍ത്തുക സംരംഭകത്വ മനോഭാവം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് കോളേജില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി ആവിഷ്‌കരിച്ചത്. ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സി.നായര്‍, പ്രിന്‍സിപ്പല്‍ എ.സുമിത, ഡോ.ജി അനില്‍കുമാര്‍, കൃഷ്ണന്‍ മന്നോത്ത്, പി.കെ.സിദ്ധാര്‍ഥന്‍, അഭിഷേക് പി. ആനന്ദ് എന്നിവര്‍ സംസാരിച്ചു.




















