കുസാറ്റ് മെട്രോ സ്റ്റേഷനിൽ ഐ.ഐ എം.കെ കൊച്ചി ക്യാമ്പസ് തുടങ്ങി
കൊച്ചി മെട്രോയുടെ നോൺ ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമ്മിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) കൊച്ചി ക്യാമ്പസ് പ്രവർത്തനം തുടങ്ങി.
കാമ്പസിൽ നടന്ന ചടങ്ങിൽ ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ.ദേബാശിഷ് ചാറ്റർജിയുടെ സാന്നിദ്ധ്യത്തിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. കെ. എം.ആർ.എല്ലും ഐ.ഐ.എം കോഴിക്കോടും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ബിൽഡ് ടു സ്യൂട്ട് മാതൃകയിലാണ് ക്യാമ്പസ് നിർമ്മിച്ചിരിക്കുന്നത്.
പൊതുഗതാഗത സംവിധാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഒരുമിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതികളിലൊന്നാണിത്. 62,000 ചതുരശ്ര അടി വിസ്തൃതിയിലും ഏഴ് നിലകളിലുമായി ഉയർന്നിരിക്കുന്ന ക്യാമ്പസ് എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളിൽ ഒന്നാണ്.
ഏകദേശം 500 മെട്രിക് ടൺ സ്റ്റീലും 1,800 ചതുരശ്ര മീറ്റർ ഗ്ലാസും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ആധുനിക വാസ്തുവിദ്യയുടെയും എഞ്ചിനീയറിങ് മികവിന്റെയും മികച്ച ഉദാഹരണമാണ്. പ്രകൃതിദത്ത വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്ന രൂപകൽപ്പനയും ഊർജക്ഷമതയും കെട്ടിടത്തിന്റെ പ്രത്യേകതകളാണ്. ചടങ്ങിൽ കെ.എം.ആർ.എൽ ചീഫ് എൻജീനിയർമാരായ വിനു സി കോശി, ജോൺസൺ ടി.സി, ചീഫ് മാനേജർ മാർക്കറ്റിംഗ് എസ്. മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.




















