ഗുരുവായൂരിൽ രാമായണ മാസാചരണ പരിപാടികൾ തുടങ്ങി
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാമായണ മാസാചരണം തുടങ്ങി. വൈജയന്തി മന്ദിരത്തിലെ ചുമർചിത്ര പഠനകേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡി.എ എം.രാധ, പബ്ലിക്കേഷൻ മാനേജർ കെ.ജി. സുരേഷ് കുമാർ, ക്ഷേത്രം അസി.മാനേജർ ലെജുമോൾ, ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ, ഡോ.മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി.
രാമായണ പാരായണം, വിവിധ രാമായണ ഗ്രന്ഥങ്ങൾ, അപൂർവ്വ താളിയോലകൾ, നാണയങ്ങൾ എന്നിവയുടെ പ്രദർശനം എന്നീ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ദിവസവും രാവിലെ 8 മണി മുതൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ്
രാമായണ പാരായണം.
കിഴക്കേ നട വൈജയന്തിമന്ദിരത്തിലെ ചിത്രശാലാ ഹാളിൽ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ രാമായണം നാണയ- ചിത്രപ്രദർശനം, അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവയുണ്ടാകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാമായണ പ്രഭാഷണ പരമ്പരയ്ക്കും തുടക്കമായി. എ.കെ.ബി നായർ ആദ്യ പ്രഭാഷണം നടത്തി. ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെയാണ് പ്രഭാഷണം ദേവസ്വം യു ട്യൂബ് ചാനലിൽ പ്രഭാഷണത്തിൻ്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി, ഉപന്യാസ രചന മത്സരങ്ങളും നടത്തുന്നുണ്ട്. കൂടാതെ രാമായണത്തെ അടിസ്ഥാനമാക്കി ഓരോ ദിവസവും ഓരോ ചോദ്യം വീതം ജീവനക്കാർക്കായി ദേവസ്വം ഓഫീസിലും ഭക്തർക്കായി മതഗ്രന്ഥശാലയിലും പ്രസിദ്ധീകരിക്കും. ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കാം. ശരിയുത്തരം രേഖപ്പെടുത്തുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടാകും.




















