മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറിൽ പൂര്‍ത്തിയാകും

കാഞ്ഞങ്ങാട് നഗരവും കടലും മലയോര പ്രദേശങ്ങളും മഞ്ഞംപൊതി കുന്നിൻ പ്രദേശത്ത് നിന്ന് ആസ്വദിക്കാം. കുന്നിറങ്ങിയാൽ തൊട്ടടുത്ത് സഞ്ചാരികൾ എത്തുന്ന പ്രസിദ്ധമായ ആനന്ദാശ്രമമായി. കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറിൽ സന്ദർശകർക്കായി തുറന്നു കൊടുക്കും.

ഇവിടം സന്ദർശിച്ച ജില്ലാ കളക്ടർ  അർജുൻ പാണ്ഡ്യൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. പദ്ധതിയുടെ ഭാഗമായി റസ്റ്റോറൻറ്  കഫെറ്റീരിയ, പാർക്കിംഗ് സംവിധാനം എന്നിവ ഉടൻ പൂർത്തിയാക്കും. പ്രധാന കെട്ടിടം, സ്റ്റെപ്ഡ് ഗാർഡൻ, കല്ലുപാകിയ നടപാത, സെൽഫി പോയിൻ്റ്, സോളാർ പാനൽ, സൂചന ബോർഡുകൾ, വൈദ്യുതി വിളക്കുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

കാഞ്ഞങ്ങാട് നിന്ന് മാവുങ്കാൽ ആനന്ദ ആശ്രമത്തിന് സമീപത്തുള്ള കുന്നിൻ മുകളിലാണ് ടൂറിസം കേന്ദ്രം യാഥാർത്ഥ്യമാകുന്നത്. മഞ്ഞംപൊതികുന്നിൽ നിന്ന് നോക്കിയാൽ ഒരുവശത്ത് റാണിപുരവും മറുവശത്ത് അറബിക്കടലും വീക്ഷിക്കാനാവുമെന്ന സവിശേഷതയും ഉണ്ട്. ചരിത്രപ്രസിദ്ധമായ ആനന്ദാശ്രമവും, സമീപത്തുള്ള വീരമാരുതി ക്ഷേത്രവും നിലവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുളസി ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.നസീബ് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, തഹസിൽദാർ രമേശൻ പൊയിനാച്ചി അജാനൂർ വില്ലേജ് ഓഫീസർ കെ.ടി. ജയലക്ഷ്മി എന്നിവർ ജില്ലാ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.