കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കും-മന്ത്രി
കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്
കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യതിയാനം അധിഷ്ഠിതമായിട്ടുള്ള കാർഷിക മേഖല വാർത്തെടുക്കുവാനുള്ള പ്രതിജ്ഞാബദ്ധത കാർഷികവകുപ്പിനും പൊതുസമൂഹത്തിനും സർക്കാരിനും ഉണ്ട്. കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനും കരുതാനുമുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു.
മേളയുടെ ഭാഗമായുള്ള പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേതുമായി
22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി വി.അധ്യക്ഷത വഹിച്ചു.
സുധീർഷ പാലോട് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്. എൽ പദ്ധതി വിശദീകരിച്ചു.
സെപ്റ്റംബർ 15 വരെ നടക്കുന്ന കാർഷികോത്സവത്തിൽ
കാർഷിക സെമിനാറുകൾ, കാർഷികോത്പന്ന വിപണന മേള, പ്രദർശന സ്റ്റാളുകൾ, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൃഷി അധിഷ്ഠിത വിജ്ഞാന-വിനോദ മത്സരങ്ങളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സൂര്യകാന്തിപാടവും നെൽപ്പാടവും
കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തി പാടവും നെൽകൃഷിയും ഏറുമാടവും കാവൽമാടവുമെല്ലാം ചേർന്ന ഗ്രാമീണ മോടിയിലാണ് നിറവ് 2026 കാർഷികോത്സവം തുടങ്ങിയത്.
ഇനിയുള്ള അഞ്ചുനാൾ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ കാഴ്ചയുടെ ദൃശ്യവിരുന്നാണ്. കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിൽ രണ്ട് ഏക്കർ സ്ഥലം നിറയെ സൂര്യകാന്തിപൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനു നടുവിൽ ഏറുമാടവും വശങ്ങളിൽ നെൽപ്പാടവും ജമന്തിയും ഒരുക്കിയിരിക്കുന്നു.
പരമ്പരാഗത കൃഷിരീതിയെ അനുസ്മരിപ്പിച്ച് കാവൽമാടവും നാടൻ ചായപീടികയും കാളവണ്ടി മാതൃകയും ഗ്രാമീണ തനിമ സമ്മാനിക്കുന്നുണ്ട്. മേളയിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് പെരിങ്ങമ്മല ബനാന നഴ്സറി ഒരുക്കിയിരിക്കുന്ന വിവിധയിനം വാഴക്കുലകളാണ്. ടെൻഫ്ലവർ വാഴയിനം, കൂപ്പുകൈ വാഴ എന്നറിയപ്പെടുന്ന പ്രെയിങ്ങ് ഹാൻഡ്സ് ബനാന, വിദേശ ഇനമായ ഹവായിൽ നിന്ന് എത്തിച്ച പൊപ്പേലു തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.




















