മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി ഫൺ റൈഡും വണ്ടിപ്പൂട്ടും
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം വണ്ടിപ്പൂട്ടും ചെളിക്കളിയും. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ചേർന്നാണ് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ ഓഫ് റോഡ് ഫൺ റൈഡും കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാണാൻ കാണികൾ ഒഴുകിയെത്തി. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലാണ് ഓഫ് റോഡ് ഫൺ റൈഡ് അരങ്ങേറിയത്. ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെ വാഹനങ്ങളുടെ സാഹസിക കുതിപ്പ് ആവേശമായി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കെഎൽ 11 ഓഫ് റോഡേഴ്സിന്റെയും കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിന്റെയും നേതൃത്വത്തിൽ നടന്ന റൈഡിന്റെ ഫ്ലാഗ് ഓഫ് കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും നേതൃത്വത്തിലാണ് സൗത്ത് കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും നടന്നത്. ചെളി നിറഞ്ഞ ട്രാക്കിലൂടെ ഫോർ വീൽ വാഹനങ്ങളുടെ സാഹസിക യാത്രയിൽ ആവേശം പകർന്ന് ഉദ്ഘാടകനായ സി.കെ.കാസിം എം.എൽ.എ ജീപ്പുമായി ഇറങ്ങിയത് കൗതുകം പകർന്നു.




















