ഗുരുവായൂരില്‍ നവീകരിച്ച ദീപസ്തംഭം സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ദേവസ്വം മന്ത്രി കെ.മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം. മദിരാശി ഹൈക്കോടതി ജസ്റ്റിസായിരുന്ന ചേറ്റൂർ ശങ്കരൻ നായർ1909 ൽ വഴിപാടായി സമർപ്പിച്ചതാണിത്.

ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, എം.യു. ഷിനിജ,
ദീപസ്തംഭം നവീകരണം വഴിപാടായി നിർവ്വഹിച്ച ചെന്നൈ വ്യവസായി സനൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ച സനൽകുമാർ, പ്രവൃത്തി ചെയ്ത നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ  പ്രവൃത്തി നിർവ്വഹിച്ച മറ്റ് ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി കെ.മുരളിധരൻ സമ്മാനിച്ചു.