നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 22 ന് 

ഈ വർഷത്തെ എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി ജലമേള ആഗസ്റ്റ് 22 ന് നടക്കും. എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി.നായർ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ എൻ.ടി.ബി.ആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ആഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച്ച തന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എം.പി.യോഗത്തിൽ  പറഞ്ഞു.

തീയതി നേരത്തെ പ്രഖ്യാപിച്ചത് മൂലം തയ്യാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22 ന്  തന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാാനമെടുക്കുന്നതെന്നും കെ.സി. വേണുഗോപാൽ എം.പി ചൂണ്ടിക്കാട്ടി.

എൻ.ടി.ബി.ആർ സൈസൈറ്റിയും സർക്കാർ ഉദ്യോഗസ്ഥരും ഒരു മനസ്സോടെ പ്രവർത്തിച്ച് ആലപ്പുഴയുടെ പൈതൃകമായ ജലോത്സവം ഇക്കുറിയും വൻ വിജയമാക്കി മാറ്റണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.

യോഗത്തിൽ 2026 ജലമേളയുടെ ബജറ്റ് അവതരിപ്പിച്ച് പാസാക്കി. 6,04, 70000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നുണ്ട്. ടിക്കറ്റ് വിൽപനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിങ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നുണ്ട്.

1.65 കോടി രൂപയാണ് ബോണസിനായി മാറ്റിവെച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ച്ചർ കമ്മറ്റിക്ക് 60 ലക്ഷവും 2024,2025 മെയിന്റനനസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മറ്റിക്ക്  15 ലക്ഷവും  പബ്ലിസിറ്റിക്ക് 9 ലക്ഷവും പ്രൈസ് മണിക്ക് 8.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.