കാർഷിക രംഗത്ത് എ.ഐ സാങ്കേതികവിദ്യ സാർവത്രികമാക്കും – മന്ത്രി ടി.സിദ്ദിഖ്
സംസ്ഥാനത്തെ കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ കാർഷിക രീതികൾ ഈ വർഷം മുതൽ സാർവത്രികമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി, ആത്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച കാർഷിക പ്രദർശന മേളയുടെയും കർഷക, ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ മുളക് കൃഷിയിൽ എ.ഐ പരീക്ഷിച്ച് കീടനാശിനികളുടെ ഉപയോഗം നല്ല രീതിയിൽ കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും സാധിച്ച മാതൃക മന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ, കർഷകർക്ക് കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭ്യമാക്കാനുള്ള സമീപനം കൃഷിവകുപ്പ് സ്വീകരിക്കും.
ജില്ലയിൽ മികച്ച വിജയം കൈവരിച്ച വനിതാ കർഷകരായ ഗീത, ബ്രിട്ടീഷ്യ എന്നിവരെ മന്ത്രി ആദരിച്ചു. ദീനദയാൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തയാറാക്കിയ ‘ദിൻ ഫുഡ്’ ഉൽപ്പന്നങ്ങളുടെ വില്പനയും സ്‌കിൽ ട്രെയിനിംഗ് ഓഫ് റൂറൽ യൂത്ത് പ്രോഗ്രാമിന്റെ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം നിസ എ, കൃഷി അഡീഷണൽ ഡയറക്ടർ എക്സ്റ്റൻഷൻ സ്വപ്ന എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, കരമന ഐ എഫ് എസ് ആർ എസ് പ്രൊഫസറും മേധാവിയുമായ ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ശ്രദ്ധേയമായി കാർഷിക പ്രദർശന വിപണന മേള
കാർഷിക ഗവേഷണ സ്ഥാപനങ്ങളെയും കർഷകരെയും ബന്ധിപ്പിച്ച് നൂതന കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷി രീതികളും കർഷകരിൽ എത്തിക്കുന്നതിനായി ആത്മ സംഘടിപ്പിച്ച കാർഷിക പ്രദർശന വിപണന മേള സിവിൽ സ്റ്റേഷനിൽ കൃഷി മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
മേളയുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി, ഓരോ സ്റ്റാളിലും കർഷകർ ഒരുക്കിയ നൂതന കൃഷിരീതികളും ഉൽപ്പന്നങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. കർഷകർക്ക് മികച്ച നിർദ്ദേശങ്ങൾ നൽകിയ മന്ത്രി, അവരുടെ കഠിനാധ്വാനത്തെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്.
ജില്ലയിലെ 11 ബ്ലോക്കുകളിൽ നിന്നുള്ള കാർഷിക സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. ഇതിനുപുറമേ, വെള്ളായണി കാർഷിക കോളേജിന്റെയും ഐ.സി.എ.ആർ. തിരുവനന്തപുരം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും നൂതന കാർഷിക സാങ്കേതികവിദ്യകളുടെ പ്രദർശനവും ഉണ്ടായിരുന്നു. വിളകളിലെ രോഗ, കീടബാധകൾ കണ്ടെത്താനും കൃത്യമായ ശാസ്ത്രീയ പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി സജ്ജീകരിച്ചിരിക്കുന്ന ‘വിള ആരോഗ്യ ക്ലിനിക്കും’ മേളയിൽ കൗതുകമായി.




















