പ്രിയദർശിനി കെ.എസ്.ആർ.ടി.സിയെ കൂടുതൽ ജനകീയമാക്കി-മന്ത്രി സി.പി.ജോൺ

സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെ.എസ്.ആർ.ടി.സിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോയിൽ പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി നടപ്പാക്കി 97 ദിവസം പിന്നിടുമ്പോൾ 12.54 കോടി സ്ത്രീ യാത്രകളാണ് നടന്നത്. 266 കോടി രൂപയുടെ സൗജന്യയാത്രയാണ് ഈ കാലയളവിൽ സ്ത്രീകൾക്ക് ലഭിച്ചത്. പദ്ധതി ഇല്ലായിരുന്നെങ്കിൽ ഈ തുക സ്ത്രീകൾക്ക് ചെലവഴിക്കേണ്ടിവരുമായിരുന്നു. ഓർഡിനറി ബസുകളിൽ നടപ്പാക്കിയ പദ്ധതിക്ക് ദിനംപ്രതി സ്വീകാര്യത വർധിക്കുകയാണ്.

ആദ്യ ആഴ്ചയിൽ 11 ലക്ഷം സ്ത്രീ യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 14 ലക്ഷമായി ഉയർന്നു. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന യാത്രാക്കണക്ക് സെപ്റ്റംബർ ഏഴിനായിരുന്നു. അന്ന് 15 ലക്ഷത്തിലധികം പേർ യാത്ര ചെയ്തപ്പോൾ പദ്ധതിയുടെ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായി.

പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ പുരുഷന്മാർ കെ.എസ്.ആർ.ടി.സിയിൽ നിന്ന് യാത്ര ഒഴിവാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പുരുഷയാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വർധനവ് രേഖപ്പെടുത്തി. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.

ഭാവി വികസനത്തിന്റെ ഭാഗമായി ചരക്ക് ഗതാഗത മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടക്കുകയാണ്. ഇതിനായി ട്രക്കുകൾ ലീസിനെടുത്ത് വിഴിഞ്ഞം തുറമുഖ വികസനം, ദേശീയപാത വികസനം ഉൾപ്പടെയുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തും. വാട്ടർ മെട്രോയുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജുകൾ വിപുലീകരിക്കുന്നതിനായി ജലഗതാഗത വകുപ്പുമായി ധാരണാപത്രം ഒപ്പു വെച്ചതായും മന്ത്രി പറഞ്ഞു.

ശബരിമല തീർഥാടന സീസണിനായി കൂടുതൽ ബസുകൾ സജ്ജമാക്കും. വിരമിച്ച ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ചെറുകിട ബസ് ഉടമകൾക്കും പുതിയ ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സി ലീസിന് നൽകാനുള്ള അവസരവും ഒരുക്കും. എം.എൽ.എമാർക്ക് വർഷത്തിൽ മൂന്ന് ബസുകൾ വരെ വാങ്ങാൻ നിലവിൽ അനുമതി ലഭിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ ബസുകൾ വാങ്ങി നൽകിയാൽ ഡീസലും ജീവനക്കാരെയും കെ.എസ്.ആർ.ടി.സി നൽകുന്ന രീതിയിലുള്ള പദ്ധതികളും ഉടൻ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള 5700 ബസുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ ഫ്ലീറ്റ് 10000 ബസുകളാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി  സ്ത്രീ യാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചു. കെ.എസ്.ആർ.ടി.സി എം.ഡി പി . എസ്. പ്രമോജ് ശങ്കർ അധ്യക്ഷനായി.