കൊച്ചി വാട്ടര്‍മെട്രോ യാത്രക്കാരുടെ എണ്ണം അരക്കോടി കടന്നു

പ്രവര്‍ത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ. ചെറിയ ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വമാണ്‌.

ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്‌ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോര്‍ട്ട് ടെര്‍മിനലിലെ കൗണ്ടറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിക്ക്  ടിക്കറ്റെടുത്തതോടെ ഇതേവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. ഈ ചരിത്ര നേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് വാട്ടര്‍മെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു.

ചുരുങ്ങിയ റൂട്ടില്‍ സര്‍വ്വീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടര്‍ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്ര അനുഭവം കാരണമാണെന്ന് ചടങ്ങില്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 2023 ഏപ്രില്‍ 25നാണ്  സര്‍വ്വീസ് തുടങ്ങിയത്. സര്‍വ്വീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ദ്വീപ് നിവാസികളുടെ മാത്രമല്ല കൊച്ചിയിലെത്തുന്ന വി.വി.ഐപികളുടെ വരെ  ആകര്‍ഷണ കേന്ദ്രമായി വാട്ടര്‍മെട്രോ സര്‍വ്വീസ് മാറുകയായിരുന്നു. കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വ്വഹണവും അതുല്യമായ സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്.

ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് ഉള്ളത്. അഞ്ചിടത്ത്  ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലൻ്റ് ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും.