വിമാനയാത്ര ജനകീയമാക്കണം- മുഖ്യമന്ത്രി 

വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ  കൊച്ചിയില്‍ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷൻ സമ്മിറ്റ് 2025)  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂലധന ചെലവ് കുറച്ച്  സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വിമാനത്താവളങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസികളുടെ യാത്രാ  സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ  ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.  ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രി പി. രാജീവ്‌ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത എന്നിവരും പങ്കെടുത്തു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും എയർപോർട്ട് ഡയറക്ടർ ജി. മനു നന്ദിയും പറഞ്ഞു.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക,ഡിജിറ്റൽ എയർ ട്രാവൽ, എം.ആർ  ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.