കല്ലായി പുഴയിലെ ചെളി നീക്കല്‍ അടുത്ത വർഷം പൂർത്തിയാക്കും

കോഴിക്കോട് കല്ലായി പുഴ ശുചീകരണത്തിൻ്റെ ഭാഗമായി, അടിഞ്ഞുകൂടിയ ചെളി 2026 മാര്‍ച്ചോടെ പൂര്‍ണമായി നീക്കം ചെയ്ത് ഉദ്ഘാടനം നടത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കല്ലായി പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം സാധ്യതയടക്കം ഉള്‍പ്പെടുത്തി പദ്ധതിയുടെ തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ്  ഡി.പി.ആര്‍ തയാറാക്കി കോര്‍പ്പറേഷന് നല്‍കണം. പുഴ ശുചീകരണത്തിന് 12.98 കോടി രൂപയുടെ പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ചത്. ബാര്‍ജ്, ഡ്രഡ്ജര്‍, എസ്‌കവേറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുക. ഇവ ബാര്‍ജില്‍ കൊണ്ടുപോയി കടലില്‍ നിക്ഷേപിക്കും.

കോതി മുതല്‍ മാങ്കാവ് വരെയുള്ള ഭാഗത്തെ 3.29 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളിയാണ് എടുക്കുക. നിലവില്‍ 300 മീറ്റര്‍ ഭാഗികമായും 180 മീറ്ററില്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. കടലിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

നഗരത്തിലെ വെള്ളക്കെട്ടിനുള്ള ശാശ്വതപരിഹാരമെന്ന രീതിയിലാണ് കല്ലായിപ്പുഴയിലെ ചെളിനീക്കലിനെ കാണുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കല്ലായിയിലെയും കനോലി കനാലിലെയും ഒഴുക്ക് സുഗമമാകും. യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ പി. കെ. നാസര്‍, പി. ദിവാകരന്‍, പി. സി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.